പ്രഷർ കുറയ്ക്കാൻ യുനാനി ചികിത്സകൾ

പ്രഷർ കുറയ്ക്കാൻ യുനാനി ചികിത്സകൾ
                   
ഉയർന്ന രക്തസമ്മർദം സാധാരണ ബാധിക്കുന്ന ഹൃദയം, വൃക്ക, മസ്തിഷ്കം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുക കൂടി ചെയ്യുന്ന ചികിത്സാ പദ്ധതിയാണ് യുനാനിയിലെ ബിപി ചികിത്സ.

ഉയർന്ന പ്രഷർ ഉള്ളവർ ഔഷധചികിത്സയോടൊപ്പം ഭക്ഷണനിയന്ത്രണവും പാലിക്കണം. മുട്ട, മത്സ്യം, മാംസം, ചായ, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണം എന്നിവ ഒഴിവാക്കാം. മദ്യം, മുറുക്ക്, പുകവലി എന്നിവയും ഉപേക്ഷിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ ലഘുഭക്ഷണക്രമമാണു നല്ലത്. ഉപ്പു കുറയ്ക്കണം. ഭക്ഷണം പല പ്രാവശ്യമായി കഴിക്കുന്നതാണു നല്ലത്.

പെരുംജീരകവും സുന്നാമക്കിയും സമം പൊടിച്ച് അര ടീസ്പൂൺ മുതൽ ഒരു ടീസ്പൂൺ വരെ രാത്രി കഴിച്ചാൽ രാവിലെ സുഖശോധന ലഭിക്കും. ദിവസവും അതിരാവിലെ ലഘു ശ്വസനവ്യായാമങ്ങൾ ശീലിക്കണം.

കൊത്തമല്ലി വെള്ളം നല്ലത്

രോഗികൾ നേരിയ ചൂടുവെള്ളത്തിലാണു കുളിക്കേണ്ടത്. ചെറിയ തോതിൽ മാത്രം പ്രഷർ ഉള്ളവർ മേൽപറഞ്ഞവയോടൊപ്പം ഒരു പിടി കൊത്തമല്ലിയും നാലു ചുള വെളുത്തുള്ളിയും ചതച്ചിട്ടു വെള്ളം തിളപ്പിച്ചു രണ്ടുനേരം കഴിച്ചാൽ തന്നെ പ്രഷർ സാധാരണ നിലയിലാകും.

അഞ്ചുഗ്രാം ഉണങ്ങിയ പുതിനയിലയും മൂന്നു ഗ്രാം സിൽക്ക് കൊക്കൂണും ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ദിവസവും മൂന്നുനേരം കഴിക്കുക. ബിപി കുറയും. അശ്വഗന്ധം, സർപ്പഗന്ധി, കുരുമുളക് ഇവ സമം സൂക്ഷ്മ ചൂർണമാക്കി അര ടീസ്പൂൺ രണ്ടുനേരം കഴിക്കുന്നതും ബിപി നിയന്ത്രിക്കാൻ സഹായകമാണ്. ഉയർന്ന പ്രഷറിനൊപ്പം മറ്റെന്തെങ്കിലും രോഗമുള്ളവർ ചികിത്സയ്ക്കു മുമ്പു ഡോക്ടറുടെ ഉപദേശം തേടണം.

പ്രഷർ കുറഞ്ഞുപോയാൽ

പൊതുവായ ആരോഗ്യം ക്ഷയിക്കുന്നതു കൊണ്ടാണു പ്രഷർ താഴുന്നതെങ്കിലും മറ്റനേകം കാരണങ്ങളാലും ഇതു സംഭവിക്കാം. അത്തരം സാഹചര്യങ്ങളിൽ കാരണം കണ്ടെത്തി ചികിത്സിക്കുകയാണു വേണ്ടത്.

നെല്ലിക്ക മരുന്നുകൂട്ട്

താഴ്ന്ന പ്രഷറുള്ളവർക്ക് വീട്ടിലുണ്ടാക്കി കഴിക്കാവുന്ന ഔഷധമാണ് ശുർബെ ആംല. അതിന്റെ വിധി താഴെ കൊടുക്കുന്നു.

നെല്ലിക്ക — ഒരു കിലോ

ശർക്കര — ഒരു കിലോ

ഏലം, വാൽമുളക്, കറുവപ്പട്ട സമം പൊടിച്ചത്— 6 ഗ്രാം

നെല്ലിക്ക, ശർക്കര, മരുന്നുകൂട്ട് എന്നിവ നാലു തുല്യഭാഗങ്ങളാക്കുക. ഭരണിയിൽ ആദ്യം നെല്ലിക്ക, മീതെ ശർക്കര, ശേഷം മരുന്നുകൂട്ട് എന്നിങ്ങനെ അടുക്കി ഭരണിയുടെ വായ മൂടിക്കെട്ടി ഒന്നരമാസം സൂക്ഷിക്കുക. ഇത് അരിച്ചെടുത്ത് 15 മി ലീ വീതം രണ്ടു നേരം കഴിക്കാം.

By:

Dr Nisamudheen Neerad

Government Medical Officer,

AYUSH Primary Health Centre

Karassery Unani Dispensary

Consult Online:

A Complete Health Guide in Malayalam About Ramzan fasting

  റംസാൻ നോമ്പിന്റെ ആരോഗ്യ ഗുണങ്ങൾ, നോമ്പ് കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ, ആരോഗ്യകരമായ ഭക്ഷണരീതി, നോമ്പുകാലത്തെ ആരോഗ്യ പ്രശ്നങ്ങൾ, പ...